Monday, February 9, 2009

ഭൂമിയിലെ ഏറ്റവും ധനികനായ മനുഷ്യനാര് എന്ന ചോദ്യത്തിന് കൊച്ചുകുട്ടികള്‍ പോലും ബില്‍ഗേറ്റ്സ് എന്ന് കൃത്യമായി ഉത്തരം നല്‍കും. നമുക്കറിയാം, ഇയാള്‍ ഒരു സോഫ്റ്റ്‌വെയര്‍ കച്ചവടക്കാരനാണ് . ഇയാളുടെ കമ്പനിയായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, അമേരിയ്ക്കന്‍ ഐക്യനാടുകളിലെ, ഏറ്റവുമധികം ആസ്ഥിയും അറ്റാദായവുമുള്ള ഒരു കമ്പനിയാണ്. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം മുഴുമിപ്പിയ്ക്കാതെ പുറത്തിറങ്ങിയ ഇയാളുടെ നേട്ടത്തെ നമ്മില്‍ അധികമാളുകളും ഒരത്ഭുതകരവും മഹനീയവുമായ നേട്ടമായാണ് കരുതുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം നേരെ മറിച്ചാണ്.
അത് നമുക്ക് വാഹനോത്പാദനത്തെയും സോഫ്റ്റ്‌വെയര്‍ ഉത്പാദനത്തെയും തട്ടിച്ച് നോക്കാം. ഒരു വാഹനം ഉത്പാദിപ്പിയ്ക്കണമെങ്കില്‍ വേണ്ട അവശ്യസാധനങ്ങളായ ഇരുമ്പ്, റബ്ബര്‍, ഗ്ലാസ്, ലെതര്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍, വളരെ സങ്കീര്‍ണ്ണങ്ങളായ യന്ത്രങ്ങള്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഓരോ വാഹനം ഉത്പാദിപ്പിയ്ക്കണമെങ്കിലും ആവശ്യമാണ്. ഓരോ തവണയും ഓരോ വാഹനത്തിനും മേല്‍പറഞ്ഞ അവശ്യസാധനങ്ങള്‍ നിശ്ചിത അളവില്‍ ആവശ്യമുണ്ട്. ഇത് അതിന്റെ ഉത്പാദനച്ചിലവായി, വാഹനത്തിന്റെ മൊത്തവിലയില്‍ വലിയൊരു പങ്ക് വഹിയ്ക്കുന്നു. അതായത് ഓരോ തവണ പുനരുത്പാദിപ്പിയ്ക്കാനും മുടക്ക് മുതല്‍ ആവശ്യമാണ്. എന്നാല്‍ സോഫ്റ്റ്‌വെയറുകളുടെ കാര്യം ഇങ്ങനെയല്ല. ഒരു തവണ ഉണ്ടാക്കിയാല്‍ അതിനെ അനന്തമായി പകര്‍ത്താവുന്നതാണ്. വളരെ തുഛ്ചമായ ചിലവില്‍ അനന്തമായി പകര്‍ത്തി ഓരോന്നിനെയും ആദ്യത്തെ പ്രതിയുടെ അതേ വിലയ്ക്ക് വില്കുക എന്ന ഈ കച്ചവടം ചെയ്യുന്ന ആള്‍ ലോകത്തെ ഏറ്റവും വലിയ ധനവാനായതില്‍ അത്ഭുതം തോന്നേണ്ടതില്ലല്ലൊ.

ഇയാള്‍ ഈ വരുമാനമാര്‍ഗ്ഗം നിലനിര്‍ത്തുന്നതെങ്ങനെയെന്നറിയുന്നതോടെ ഇയാളുടെ നേട്ടത്തിന് വലിയ മഹത്വമൊന്നുമില്ലെന്നും നമുക്ക് മനസ്സിലാകും. ഒരോ പ്രതി സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പൊഴും വാങ്ങുന്ന ആള്‍ക്ക് യഥാര്‍ദ്ധത്തില്‍ സോഫ്റ്റ്‌വെയര്‍ ലഭിയ്ക്കുന്നില്ല. പകരം കമ്പനി നിര്‍ദ്ദേശിയ്ക്കുന്ന കമ്പ്യൂട്ടറില്‍ കമ്പനി നിശ്ചയിക്കുന്ന കാലയളവില്‍ ഉപയോഗിയ്ക്കുവാനുള്ള ലൈസന്‍സ് മാത്രമേ നല്‍കുകയുള്ളൂ. നിങ്ങള്‍ക്ക് അതില്‍ മാറ്റങ്ങള്‍ വരുത്താനോ, പകര്‍ത്തുവാനോ, വില്‍ക്കുവാനോ, അതെങ്ങനെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നറിയാനോ പോലുമുള്ള സ്വാതന്ത്ര്യമില്ല. അങ്ങിനെയെന്തെങ്കിലും ചെയ്താല്‍ നമുക്ക് സ്വപ്നം കാണാന്‍ പോലുമാകാത്തത്ര വലിയൊരു തുക നഷ്ടപരിഹാരം കൊടുത്ത് ആയുസ്സിന്റെ നല്ലൊരു പങ്ക് ജയിലില്‍ ചിലവഴിയ്ക്കേണ്ടി വരും. നിങ്ങള്‍ പണം കൊടുത്ത് വാങ്ങിയ ഉത്പന്നത്തിനുമേല്‍ നിങ്ങള്‍ക്ക് യാതൊരവകാശവുമില്ല. നമ്മുടെ സ്വന്തം വണ്ടിയില്‍ ബ്ലൂക്രോസ് സൊസൈറ്റിയുടെ ഒരു സ്റ്റിക്കറൊട്ടിച്ച കുറ്റത്തിന് സമ്പാദ്യം മുഴുവന്‍ നഷ്ടപരിഹാരത്തുകയായി അടച്ച് ജയിലില്‍ കഴിയുന്ന അവസ്ഥ ഉള്‍ക്കൊള്ളാന്‍ കഴിയുമോ? അന്താരാഷ്ട്ര പേറ്റന്റുകളുടെയും പകര്‍പ്പവകാശ നിയമങ്ങളുടെയും സഹായത്തോടെ സോഫ്റ്റ്‌വെയര്‍ കുത്തകകള്‍ നടത്തുന്ന ഈ പകല്‍ക്കൊള്ള മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ നമ്മെ, വളരെ പ്രാകൃതമായ ഏതോ ഒരു കാലത്തേയ്ക്ക് വലിച്ചെറിയുകയാണ്.

അറിവുകളും സാങ്കേതിക വിദ്യകളും സദാ രഹസ്യമായി സൂക്ഷിയ്ക്കുകയും ആരുമായും പങ്കുവയ്ക്കാതിരിയ്ക്കുകയും ചെയ്യുക വഴി ആ അറിവിന്റെ ഉടമയോടൊപ്പം മണ്‍മറഞ്ഞു പോകാന്‍ വിധിയ്ക്കപ്പെട്ട അറിവുകളുടെ ചരിത്രം കൂടിയാണ് പൌരാണിക ഇന്ത്യയുടെ വിജ്ഞാന ചരിത്രം. ഏറ്റവും പ്രിയപ്പെട്ട ശിഷ്യനു മാത്രം പകര്‍ന്നു കൊടുക്കാന്‍ പൊതിഞ്ഞു വയ്ക്കപ്പെട്ട അമൂല്യങ്ങളായ അറിവിന്റെ നിധികള്‍ അത്തരമൊരു ശിഷ്യനെ കണ്ടുപിടിയ്ക്കാനാവാത്തത് കൊണ്ട് നശിച്ച് പോയ കഥകളില്‍ നിന്ന് ആധുനിക സമൂഹത്തിന് ഏറെ പഠിയ്ക്കനുണ്ട്. അറിവും സാങ്കേതിക വിദ്യയും എപ്പോഴും സ്വതന്ത്രമായിരിയ്ക്കണം. യാതൊരു വിലക്കുകളുമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായിരിയ്ക്കണം. സോഫ്റ്റ്‌വെയര്‍ പോലെയുള്ള ഉത്പന്നങ്ങള്‍ ഭൗതിക ഉത്പന്നങ്ങളേക്കാള്‍ ആശയങ്ങളാണ്. അനന്തമായി പരിവര്‍ത്തിച്ച് പുരോഗമിച്ചുകൊണ്ടേ ഇരിയ്ക്കുവാനുള്ള കഴിവുള്ള ആശയങ്ങള്‍. അവയെ പേറ്റന്റുകള്‍ കൊണ്ടും പകര്‍പ്പവകാശനിയമങ്ങള്‍ കൊണ്ടും തളച്ചിടുക എന്നാല്‍ മാനവരാശിയെ മുഴുവന്‍ പൂര്‍ണതയ്കായുള്ള അതിന്റെ പരിശ്രമത്തില്‍ നിന്ന് തടയിടാന്‍ ശ്രമിയ്ക്കുക എന്നാണര്‍ത്ഥം.


ഉപാധികളില്ലതെയുള്ള പങ്കുവയ്ക്കലിലൂടെയും സഹകരണത്തിലൂടെയും അറിവിനെയും സാങ്കേതിക വിദ്യയേയും അനന്തമായി വളരാനനുവധിയ്കൂക എന്ന ലക്ഷ്യം വച്ച് മുന്നേറുകയും അത്ഭുതകരവും മഹനീയവുമായ വിജയം കൈവരിച്ചവരുടെയും കഥയാണ് സ്വതന്ത്ര സോഫ്ട് വേറിന്റെയും അതോടൊപ്പം സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെയും കഥ. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്ന റിച്ചാഡ് സ്റ്റാള്‍മാന്‍ എന്ന പ്രോഗ്രാമറാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും.1983ല്‍ നിലവിലുണ്ടായിരുന്ന യുണിക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മാതൃകയില്‍ അദ്ദേഹം ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം തയ്യാറാക്കുകയും അതിന്റെ സോഴ്സ് കോട് (മനുഷ്യര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള യന്ത്രഭാഷ) ആര്‍ക്ക് വേണമെങ്കിലും ഉപയോഗിയ്ക്കാവുന്ന വിധത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 'ഗ്നു (GNU)'എന്നായിരുന്നു ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പേര്. GNU എന്ന ചുരുക്കെഴുത്ത് GNU is Not Unix (ഗ്നു യുണിക്സല്ല) എന്നാണ് വികസിപ്പിയ്ക്കുക. സാങ്കേതികമായി യുണിക്സ് പോലെയാണെങ്കിലും സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും പ്രധാനമാണെന്ന് ഊന്നിപ്പറയുകയായിരുന്നു ഈ പേരിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. സ്റ്റാള്‍മാന്റെ പുതിയ ആശയവും സോഫ്റ്റ്‌വെയറും പ്രോഗ്രാമര്‍മാര്‍ക്കിടയില്‍ ഒരു വന്‍ ഇളക്കം തന്നെ സൃഷ്ടിച്ചു. വളരെയധികം ഡെവലപ്പര്‍മാര്‍ ഗ്നു പ്രോജക്റ്റിന്റെ ഭാഗമാകാന്‍ തയ്യാറായി. 'ഗ്നു'വിന്റെ പ്രകാശനത്തിനു പിന്നലെ അദ്ദേഹം 'സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ' എന്ന പദം മുന്നോട്ട് വയ്ക്കുകയും 1984 ഫെബ്രുവരിയില്‍ ഈ ആശയത്തിന്റെ പ്രചാരണത്തിനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം സ്ഥാപിയ്ക്കുകയും ചെയ്തു.



എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെയും കാതലാണ് കെര്‍ണെല്‍ (kernel) എന്ന ഭാഗം. നല്ലൊരു കെര്‍ണെലിന്റെ അഭാവമായിരുന്നു ഗ്നുവിന്റെ പ്രധാന പ്രശ്നം. ഗ്നുവിന് വിഭാവനം ചെയ്തിരുന്ന കെര്‍ണെലായിരുന്ന ഗ്നു ഹര്‍ഡ് ( GNU Hurd ) ഒരുപാട് ഉട്ടോപ്പിയന്‍ സ്വപ്നമായിരുന്നു. ഒരിയ്ക്കലും നല്ല രീതിയില്‍ പുറത്തിറക്കാന്‍ കഴിയാതിരുന്ന സമയത്താണ് 1991ല്‍ ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍സ് ലിനക്സ് കെര്‍ണെല്‍ എഴുതിയത് ഇതിന്റെ സോഴ്സ് കോഡും ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു കീഴില്‍ പ്രസിദ്ധപ്പെടുത്തി. പിന്നീട് വന്ന എല്ലാ ഗ്നു സിസ്റ്റങ്ങളും ലിനക്സ് കെര്‍ണെല്‍ ഉപയോഗിയ്ക്കുവാന്‍ തുടങ്ങി. ഇന്ന് നമ്മള്‍ ഉപയോഗിയ്ക്കുന്ന എല്ലാ ഗ്നു/ലിനക്സ് (ഗ്നൂ സ്ലാഷ് ലിനക്സ് എന്ന് ഉച്ഛരിയ്ക്കുക. പൊതുവെ ലിനക്സ് എന്ന് തെറ്റായി പറയുണ്ട്.) സിസ്റ്റങ്ങളും ഇവയില്‍ നിന്ന് വികസിച്ചുണ്ടായതാണ്.


1999ല്‍ സ്റ്റാള്‍മാന്‍ ഒരു 'സ്വതന്ത്രവും സൗജന്യവുമായ എന്‍സൈക്ലോപ്പീഡിയയുടെയും ലേണിങ്ങ് റിസോഴ്സിന്റെ'യും ആവശ്യകതയെപ്പറ്റി വിശദീകരിച്ചു. ഈ ഫ്രീ എന്‍സൈക്ലോപ്പീഡിയ എന്തൊക്കെ ചെയ്യണം, പൊതുജനങ്ങള്‍ക്ക് അത് എന്ത് തരം സ്വാതന്ത്ര്യമാണ് നല്‍കേണ്ടത്, ഈ സംരംഭം എങ്ങിനെ തുടങ്ങാം' എന്നൊക്കെ വിശദമാക്കി സ്റ്റാള്‍മാന്‍ 2001 ഫെബ്രുവരിയില്‍ ഒരു ലേഖനം പുറത്തിറക്കുകയും ചെയ്തു. GNUPedia എന്ന ഒരു ഓണ്‍ലൈന്‍ എന്‍സൈക്ലോപ്പീഈഡിയ തുടങ്ങുകയും ചെയ്തു. എന്നാല്‍ ധാരാളം പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇതിലെ പ്രവര്‍ത്തകരെ ഏതാണ്ട് ഇതിനോടൊപ്പം തന്നെ തുടങ്ങിയ 'വിക്കിപ്പീഡിയ'യുടെ സ്ഥാപകന്നയ ജിമ്മി വേല്‍സ് തന്റെ സംരംഭത്തിലേക്ക് ക്ഷണിച്ചതോടെ സ്റ്റാള്‍മാന്‍ തന്റെ എല്ലാ സഹായങ്ങളും വിക്കിപ്പീഡിയയ്ക്ക് വാഗ്ദാനം ചെയ്തു. ഭാഷയുടെയോ സാമ്പത്തിക സ്ഥിതിയുടെയോ വംശീയതയുടെയോ ദേശീയതയുടെയോ അതിരുകളില്ലാതെ ആര്‍ക്കും എപ്പോഴും സൗജന്യമായും സ്വതന്ത്രമായും അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യം വിക്കിപ്പീഡിയയിലൂടെ സാദ്ധ്യമായിക്കൊണ്ടിരിയ്ക്കുന്നു.

നൂറുകണക്കിനു ഭാഷകളില്‍ കോടിക്കണക്കിനു ലേഖനങ്ങളുള്ള വിക്കിപ്പീഡിയ മോചിതമാക്കപ്പെട്ട അറിവിന്റെ ചിഹ്നമായി നിലകൊള്ളുന്നു. കോടിക്കണക്കിനു ഡവലപ്പര്‍മാരുടെ പിന്തുണയോടെ എറ്റവും മികച്ച സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രമായും സൗജന്യമായും ലഭ്യമാക്കിക്കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മോചിപ്പിയ്ക്കപ്പെട്ട സാങ്കേതിക വിദ്യയുടെയും ചിഹ്നമായും നിലകകൊള്ളുന്നു.




വിവരസാങ്കേതിക വിദ്യയുടെ കാലമായ ഇന്ന് സൗജന്യമായി സ്വതന്ത്രമായി ഏതൊരു ഭാഷയിലും ലഭ്യമാണ് എന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ എത്തിയ്ക്കുക എന്ന ലക്ഷ്യം സാദ്ധ്യമാക്കാന്‍ സഹായിയ്ക്കും. മുഴുവനായും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്ക് മാറുക വഴി കെ.എസ്.ഇ.ബി യ്ക്ക് സോഫ്റ്റ്‌വെയര്‍ ലൈസന്‍സിങ്ങ് ഫീ ഇനത്തില്‍ മാത്രം നല്‍കിക്കൊണ്ടിരുന്ന അഞ്ചേമുക്കാല്‍ കോടി രൂപ പ്രതിവര്‍ഷം ലാഭിയ്ക്കാന്‍ പറ്റിയത് മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും ഇതിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ നിന്ന് മൈക്രോസോഫ്ടിനെ ചവിട്ടി പുറത്താക്കുക വഴി കോടിക്കണക്കിനു രൂപ ലാഭിയ്ക്കുക കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും പരസ്പരസഹകരണത്തിന്റെയും പുതിയ പാഠങ്ങള്‍ പഠിയ്ക്കാന്‍ അവസരമൊരുങ്ങുക കൂടിയാണ് ചെയ്തത്.

ഇത്തരത്തില്‍ മഹത്തായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെയും വിക്കിപ്പീഡിയയെയും സഹായിയ്ക്കാന്‍ നമുക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ അവയെ ബഹുമാനിയ്ക്കുകയും അവയുടെ നിലനില്‍പ്പ് മനുഷ്യന്റെ സമൂലമായ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ചിന്തിയ്ക്കുകയും ചെയ്യുന്ന ആളുകളുടെ സാമ്പത്തിക സഹായം കൊണ്ടാണ്. സാമ്പത്തികമായി സഹായിയ്ക്കാന്‍ നിര്‍വ്വാഹമില്ലെങ്കില്‍ ചെയ്യാവുന്ന സഹായം അവ ഉപയോഗിയ്ക്കുക എന്നതാണ്.

വിക്കിപ്പീഡിയയെപ്പറ്റി പ്രത്യേകിച്ച് സാക്ഷ്യപത്രമൊന്നും ആവശ്യമില്ലല്ലോ. ഗ്നു/ലിനക്സും മറ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഉപയോഗിയ്ക്കുന്നത് ഒരിയ്ക്കലും ഒരു ത്യാഗമായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയില്ലെന്ന് ഒരു വര്‍ഷമായി അവ ഉപയോഗിയ്ക്കുന്ന എനിയ്ക്ക് ഉറപ്പുതരാനാകും. വിന്‍ഡോസിനേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും നിലവാരം പുലര്‍ത്തുന്നതാണ് എല്ലാ സോഫ്റ്റ്‌വെയറുകളും വിന്‍ഡോസില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ മോസില്ല ഫയര്‍ഫോക്സ് ഉപയോഗിയ്ക്കുന്നവര്‍ക്ക് ഇത് പറഞ്ഞ് തരേണ്ട ആവശ്യം പോലുമില്ല. വൈറസ് എന്നാല്‍ എന്താണെന്ന് പോലും നിങ്ങള്‍ മറന്ന് പോകും. അങ്ങേയറ്റം സ്ഥിരതയുള്ള ഈ സോഫ്റ്റ്‌വെയറുകള്‍ തീര്‍ച്ചയായും ഒരു പുതിയ കമ്പ്യൂട്ടിങ് അനുഭവം തന്നെയായിരിയ്ക്കും.

ഉപയോഗിച്ച് തുടങ്ങിയാല്‍ എല്ലാ സോഫ്ട്വേറുകളുടെയും മലയാള വിവര്‍ത്തനത്തില്‍ സഹായിയ്ക്കാവുന്നതാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (www.smc.org.in) പോലെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍, നമ്മളോരോരുത്തരെയും പോലെ സാധാരണക്കാരായ വിവര്‍ത്തകരാണ് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവര്‍ക്ക് പോലും അവ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കുന്നത്.

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പല, വകഭേദങ്ങളില്‍ (വിതരണങ്ങള്‍ എന്നും വിളിയ്ക്കുന്നു)പല ആര്‍ക്കിട്ടെക്ചറുകളില്‍ ലഭ്യമാണ്. അവയിലധികവും ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി ഡൌണ്‍ലൊഡ് ചെയ്യാവുന്നതാണ്. ഏറ്റവും സ്റ്റേബിളായ ഡെബിയനും സെന്റ് ഓഎസ്ഉം സെര്‍വറുകള്‍ക്കും ഡെസ്ക്ടോപ്പുകള്‍ക്കും ഒരു പോലെ ചേര്‍ന്നതാണ്. ഏറ്റവും പുതിയ (കട്ടിങ്ങ് എഡ്ജ്) സോഫ്റ്റ്‌വെയറുകള്‍ ഉപയൊക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഫെഡോറയും, മുഴുവനായും സ്വതന്ത്രമല്ലെങ്കിലും വളരെയധികം ഉപയോക്താക്കളും കമ്മ്യൂണിറ്റി പിന്തുണയുമുള്ള ഉബുണ്ടുവും മാന്‍ഡ്രിവയും ഒക്കെ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. റിച്ചാര്‍ഡ് സ്റ്റാള്‍മാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനും ശുപാര്‍ശ ചെയ്യുന്നത് ഗ്നുസെന്‍സ് എന്ന വിതരണമാണ്. മൈക്രോസോഫ്ടുമായി അവിഹിത കരാറുകളില്‍ ഏര്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍പ്രസ്ഥാനത്തെ വഞ്ചിച്ച നോവലിന്റെ ഓപ്പണ്‍സൂസെ പോലെയുള്ള കള്ള നാണയങ്ങളെ സൂക്ഷിയ്ക്കുകയും വേണം.

  

No comments:

Post a Comment